ദില്ലി: കേന്ദ്രസർക്കാർ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രകാശന കർമ്മം നിർവഹിക്കുക.
നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയിൽ ഭാരതം എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലീഷിൽ വലതും വശത്തും എഴുതിയിരിക്കും. താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. 44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. 35 ഗ്രാം തൂക്കം വരുന്ന നാണയം നിർമ്മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേർത്താണ്.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. അന്ന് തന്നെയാണ് നാണയവും പ്രകാശനം ചെയ്യുക. എന്നാൽ ഈ ചടങ്ങുമായി ബന്ധപ്പെട്ട വിവാദം ശക്തമായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് കാരണം. പ്രതിപക്ഷത്തെ 20 പാർട്ടികൾ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. ചടങ്ങ് ബഹിഷ്കരിക്കാനാണ് തീരുമാനം.