ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികൾ ഉൾപ്പെടുന്നതാണ് പ്രകടന പത്രിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക.
യുവ നീതി, കർഷക നീതി, നാരി നീതി, തുല്യത നീതി, തൊഴിൽ നീതി തുടങ്ങിയ അഞ്ച് ഗ്യാരണ്ടികൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക,കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നിർമ്മാണം എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാകും എന്നാണ് സൂചന.
ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് എല്ലാ ജില്ലകളിലും ഹോസ്റ്റൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ നേരത്തെ തന്നെ രാഹുൽ ഗാന്ധി നടത്തിയിരുന്നു. മുൻ ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ സമിതിയാണ് പ്രകടന പത്രികയുടെ കരട് തയ്യാറാക്കിയത്. സംസ്ഥാനങ്ങളിൽ നേരിട്ട് എത്തി നേതാക്കൾ ചർച്ചകൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്നും ലഭിച്ച നിർദേശങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തി. ഡൽഹി എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.