തിരുവനന്തുരം: മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ കടുപ്പിച്ച് രമേശ് ചെന്നിത്തല. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി കടുപ്പിക്കുകയാണ്. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസിവേണുഗോപാൽ ഓർമ്മിപ്പിച്ചു. എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ പറയണം. ഒരുമാസത്തിനിടെ മൂന്നുതവണ കെപിസിസി യോഗം വിളിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്‍പ്പരം പറയുന്നത് ചര്‍ച്ചയാക്കാന്‍ ഇടവരുത്തരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെ നിലപാടിൽ പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു.