ന്യൂഡല്‍ഹി: ഡൽഹിയിലും തർക്കം തീരാതെ കോൺഗ്രസിന്റെ ബ്ലോക്ക് പട്ടിക. സംസ്ഥാനത്തിന്റ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ സന്ദർശിച്ച രമേശ് ചെന്നിത്തല കടുത്ത പ്രതിഷേധം അറിയിച്ചാണ് മടങ്ങിയത്. അവഗണനക്കെതിരെ നിലപാട് കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം
കോൺഗ്രസ് ബ്ളോക് പട്ടികയിൽ മാറ്റം വരുത്തില്ലെന്ന് ദേശീയ നേതൃത്വം കൂടി തീരുമാനിച്ചതോടെ ഗ്രൂപ്പുകൾ വെട്ടിലായിരിക്കുകയാണ് . നിലനിൽപ്പിനായി കടുത്ത പോരാട്ടം നടത്തണമെന്ന തീരുമാനത്തിലാണ് നേതാക്കൾ. എ വിഭാഗത്തിനാണ് പുനഃസംഘടനയിൽ കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്ര തർക്കത്തിലെ റിപ്പോർട്ടിനാണ് രമേശ് ചെന്നിത്തലയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ താരിഖ് അൻവറെ ചെന്നിത്തല വസതിയിലെത്തി സന്ദർശിച്ചു.
ഈയിടെ പുനഃസംഘടിപ്പിക്കപ്പെട്ട പിസിസി, ഡിസിസി, മഹിളാ കോൺഗ്രസ്, കെ എസ് യു എന്നിവയിലൊന്നും സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന പ്രതിഷേധം താരിഖിനെ അറിയിച്ചു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ബ്ളോക് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടപെടാനില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം . ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയ ബെന്നി ബെഹനാൻ , കെ.സി ജോസഫ്, എം.എം ഹസൻ എന്നിവർ കടുത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലെങ്കിലും നേട്ടമുണ്ടാക്കണമെന്ന ലക്ഷ്യത്തിലാണ് ഗ്രൂപ്പുകൾ.