ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസിന്‍റെ ആരോപണം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിലാണ് മതേതരത്വം എന്ന വാക്ക് ഇല്ലാത്തത്. പുതിയ പാര്‍ലമെന്റിലേക്ക് മാറിയതിന്റെ ഭാഗമായാണ് സമ്മാനമായി അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ല എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. അതേസമയം, എംപിമാർക്ക് വിതരണം ചെയ്തത് ആദ്യം അംഗീകരിച്ച ഭരണഘടനയുടെ പകർപ്പാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുയരുന്ന വിശദീകരണം.
ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.