ദില്ലി: സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ കേസിൽ ഹൈക്കോടതി സ്വീകരിച്ച തുടർനടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇവ റദ്ദാക്കി ഉത്തരവിറക്കും.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള ഭൂമി ഇടപാട് കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണഅടക്കം നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. എന്നാൽ കർദ്ദിനാളിന്റെ ആവശ്യം കോടതി പൂർണ്ണമായി തള്ളി. ഹൈക്കോടതി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പ്രധാനഭാഗം സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയിൽ രൂപത സ്വത്തുകളുടെ അവകാശത്തെ കുറിച്ചും പരാമർശമുണ്ടായിരുന്നു. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും ഇവ കൈമാറ്റം ചെയ്യാൻ ബിഷപ്പുമാർക്ക് പൂർണ്ണ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച തുടർ ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി.
കർദ്ദിനാളിനെതിരായ കേസ് മാത്രം മുന്നിലുള്ളപ്പോൾ ഹൈക്കോടതി മറ്റ് നടപടികളിലേക്ക് കടന്നതിൽ സുപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തി. ഹൈക്കോടതി വിധിയിൽ സുപ്രീംകോടതിയുടെ നിരീക്ഷണം കൂടി ഉൾപ്പെടുത്തിയുള്ള ഭേദഗതി വരും. കോടതിയില്‍ ഹാജരാകാതിരുന്ന കര്‍ദിനാളിന്റെ നടപടിയെ നേരത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. കർദ്ദിനാളിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കേസിൽ സുപ്രീംകോടതിയിൽ സ്വീകരിച്ചത്.