Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം,പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുലിനായി മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ വാദിച്ചത്. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിൻ്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നിൽക്കില്ലെന്ന് രാഹുൽ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീർത്തി പെടുത്താനാണ് പരാമർശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.

രാഹുലിന്റെ വാദങ്ങൾ

സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്. 2 വർഷം തടവ് എന്ന പരമാവധി ശിക്ഷ നൽകാൻ മാത്രമുള്ള ഗുരുതരമായ കുറ്റമല്ല ചെയ്തത്. ധാർമിക തലമുണ്ടെന്ന് വിചാരണ കോടതി പറയുന്നു. താൻ ഒരു കുറ്റവാളി അല്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് ബി ജെ പിക്കാർ മാത്രമാണ് പരാതിക്കാരാകുന്നത്. ഇത് എന്തുകൊണ്ടാണ്? ഹൈക്കോടതി ജഡ്ജി 66 ദിവസം വിധി പറയാൻ മാറ്റി. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാത്തത് അവർക്ക് വിജയ സാധ്യതയില്ലാത്ത് കൊണ്ടാണെന്ന് രാഹുൽ വാദിച്ചയുടൻ രാഷ്ട്രീയ വാദങ്ങൾ വേണ്ടെന്നും നിയമവശം മാത്രം പറഞ്ഞാൽ മതിയെന്നും സുപ്രീം കോടതി നിലപാടെടുത്തു. അപകീർത്തി കേസിലെ വിധിയിലൂടെ രണ്ട് ലോക്സഭാ സെഷനുകൾ നഷ്ടമായെന്ന് രാഹുൽ തുടർന്ന് വാദിച്ചു.

പരാതിക്കാരന്റെ വാദങ്ങൾ

പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജത് മലാനിയാണ് ഹാജരായത്. യഥാർത്ഥ വിഷയങ്ങൾ പറയുന്നില്ലെന്നും രാഹുൽ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂർണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂർവ്വമാണ് രാഹുൽ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാൻ ഉപയോഗിച്ചു. വാക്കുകളിൽ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓർമ്മയില്ലെന്ന് രാഹുൽ പറഞ്ഞത് നുണയാണെന്നും അവർ വാദിച്ചു. ഈ ഘട്ടത്തിൽ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവർ എല്ലാം എങ്ങനെ ഓർത്തിരിക്കുമെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി രണ്ട് വർഷം എന്ന പരാമവധി ശിക്ഷയാണ് നൽകിയതെന്ന് പരാതിക്കാർ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന കോടതി വിധി പിൻവാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് പ്രശ്നമല്ലേയെന്ന് കോടതി ചോദിച്ചു. 

വിധി

എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. 

സ്ഥിരമായി ഇത്തരം പ്രസ്താവന രാഹുൽ ഗാന്ധി നടത്തുവെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. ചൗക്കി ദാർ ചോർ എന്ന പരാമർശവും കോടതിയിൽ പരാതിക്കാരൻ ഉയർത്തി. റഫാൽ ഇടപാടിൽ മോദി പണം കട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് രാഹുൽ പ്രസംഗിച്ചുവെന്നും കോടതിയുടെ ഉത്തരവ് പോലും വളച്ചൊടിച്ചുവെന്നും രാഹുലിനെതിരെ പരാതിക്കാർ ആരോപിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി രാഹുലിന് നോട്ടീസ് നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിലെ പ്രസംഗത്തിൽ രാഹുൽ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഒരു സന്ദേശം ഈ ശിക്ഷയിൽ നിന്ന് ലഭിക്കണം. അതിനായി പരാമവധി ശിക്ഷയായ രണ്ട് വർഷം തന്നെ നൽകണമെന്നും അതിൽ കുറവ് വരുത്തരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

പരാമവധി ശിക്ഷ എന്തിനായിരുന്നുവെന്ന് ജസ്റ്റിസ് നരസിംഹ ഈ ഘട്ടത്തിൽ ചോദിച്ചു. പിന്നാലെ അഞ്ച് മിനിറ്റ് നേരത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചേർന്ന കോടതി, അപകീർത്തി കേസിൽ എന്തിനാണ് പരമാവധി ശിക്ഷ നൽകുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശിക്ഷാ വിധി സ്റ്റേ ചെയ്തതായി അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments