കൊച്ചി: പി വി അൻവര്‍ എം എല്‍ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. താലൂക്ക് ലാന്റ് ബോർഡിന്റെ നടപടികൾ അവസാനിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. താലൂക്ക് ലാന്റ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പും ഹാജരാക്കി. ഇക്കാര്യം രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. പി വി അൻവറും കുടുംബവും ആറേക്കർ മിച്ചഭൂമി കൈവശം വെച്ചതായി താലൂക്ക് ലാന്റ് ബോർഡ് കണ്ടെത്തിയിരുന്നു. മൂന്നു താലൂക്കുകളിലായി കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയിരുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി.വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകൻ കെ വി ഷാജിയുടെ പരാതി. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചിരുന്നു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധിക ഭൂമി കണ്ടെത്താനായി ലാന്‍ഡ് ബോര്‍ഡ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് പരിധിയില്‍ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അന്‍വറും കുടുംബവും ഭൂമി വില്‍പന നടത്തിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിക്കുന്നത്.