ആലുവയില്‍ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്‌സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്.
പോക്‌സോ നിയമമുണ്ടായി 12 വര്‍ഷം തികയുന്ന ദിനത്തില്‍ തന്നെ പോക്‌സോ കേസില്‍ രാജ്യത്തെ ആദ്യ വധശിക്ഷാ വിധി വരുന്നത് എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 2011 നവംബര്‍ 14നാണ് പോക്‌സോ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയത്.
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെണ്‍കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു