കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഡൊമിനിക് മാര്‍ട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട് മാർട്ടിൻ ആവർത്തിക്കുന്നത്.
കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.