കൊച്ചി: വിധവ പെൻഷൻ കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.
അതേസമയം, മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിധവ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തു. എന്നാല്‍, പെൻഷൻ ഇല്ലാതെ ഹർജിക്കാരിക്ക് അതിജീവിക്കാനാവുമെന്ന് സർക്കാരിന് ഉറപ്പ് നൽകാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. ഹർജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.