ദില്ലി: ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാട് തേടി സുപ്രീംകോടതി. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. എന്നാൽ സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ നിരോധനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് തേടിയത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുകളിടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ നവംബര്‍ 18നാണ് യുപി സര്‍ക്കാര്‍ നിരോധിച്ചത്.