ദില്ലി: ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെ വീണ്ടും ജയിലിലാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമവ്യവസ്ഥ ഇല്ലാതാക്കി വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാനാവില്ല. സഹതാപവും സഹാനഭൂതിയും നിയമവ്യവസ്ഥയ്ക്ക് എതിരാകരുത്. കോടതികൾ നിയമവ്യവസ്ഥ മുറുകെ പിടിക്കണമെന്നും കോടതി പരാമർശിച്ചു. പ്രതികൾക്ക് ശിക്ഷായിളവ് നൽകിയതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.
നീതി എന്ന വാക്ക് കോടതികൾക്ക് വഴികാട്ടണം. ഇതിനെതിരായ വിധികൾ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ സഹാനുഭൂതി അർഹിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുൻ സുപ്രീകോടതി വിധി അസാധുവാണ്. പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്. ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്നുണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതിയിൽ എന്തു കൊണ്ട് ഗുജറാത്ത് പുനപരിശോധന ഹർജി നൽകിയില്ലെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്ര സർക്കാരിൻ്റെ അധികാരത്തെ ഗുജറാത്ത് സർക്കാർ മറികടന്നു. മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സർക്കാർ തട്ടിയെടുത്തുവെന്നും കോടതി വിമർശിച്ചു.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്.