Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews5 ദിവസത്തിനിടെ 13000 മരണം, കൊവിഡില്‍ പിടിവിട്ട് ചൈന; റിപ്പോര്‍ട്ട്

5 ദിവസത്തിനിടെ 13000 മരണം, കൊവിഡില്‍ പിടിവിട്ട് ചൈന; റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയില്‍ ജനുവരി 13 നും 19നും  ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് പുതുവര്‍ഷം ആഘോഷിച്ചത്. പുതിയ വര്‍ഷത്തില്‍ മഹാമാരിയുടെ കെടുതിയില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുള്ള പ്രാര്‍ത്ഥനയിലാണ് ചൈനയിലെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ നിര ചൈനീസ് പുതുവല്‍സര ദിനത്തിലുണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

കൊവിഡ് മാനദണ്ഡങ്ങളെ തുടര്‍ന്ന് നേരത്തെ നിരവധി തവണ ഈ ക്ഷേത്രം അടിച്ചിരുന്നു. മഹാമാരിയുടെ തരംഗം പോയെന്ന് വിശ്വസിക്കുന്നവര്‍ പോലും സ്വയം സംരക്ഷിക്കേണ്ടത് അവശ്യമെന്നാണ് കണക്കുകൂട്ടുന്നതെന്നാണ് റോയിട്ടേഴ്സിനോട് പ്രതികരിച്ച ആളുകള്‍ വിശദമാക്കുന്നത്. ആഗോള തലത്തില്‍ ചൈന കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് വ്യാപക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അടുത്തിടെയാണ് ബീജിംഗ് കണക്കുകള്‍ ലഭ്യമാക്കിയത്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടില്‍ 60000 കൊവിഡ് മരണങ്ങളുണ്ടായതായി ചൈന വ്യക്തമാക്കിയിരുന്നു.

ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ആശുപത്രികളിൽ  രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം. കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെട്ടിരുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി രൂക്ഷമായ ആരോപണം ഉയർന്നിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments