ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 11,109 പുതിയ കൊവിഡ് കേസുകൾ. 236 ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 49,622 സജീവ കേസുകളാണ് രാജ്യത്തുളളത്. 29 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം 575 ആയി ഉയർന്നു. ഇത് ഈ വർഷം ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കണക്കാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ് മരിച്ചത്.
കൊവിഡിന്റെ എക്‌സ് ബി.ബി.1.16 വകഭേദമാകാം നിലവിലെ വ്യാപനത്തിനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.