തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഐഎമ്മിൽ രൂക്ഷമായ വാക്കുതർക്കം. മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും എതിരായി ജില്ലാ നേതാവ് രംഗത്തുവന്നതും ന്യൂനപക്ഷ സമീപനത്തിൽ ചർച്ച വഴിമാറിയതുമെല്ലാമാണ് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് സർക്കാരിനും സിപിഐഎം നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉണ്ടായത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷമായ വിമർശനം ഉന്നയിച്ചത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗം കൂടിയായ കരമന ഹരി ആരോപണം ഉന്നയിച്ചു. എന്നാൽ വെറുതെ ആരോപണം ഉന്നയിക്കാതെ മുതലാളിയുടെ പേര് പറയണമെന്ന് മേൽകമ്മിറ്റി പ്രതിനിധി എം.സ്വരാജ് ശഠിച്ചു. എന്നാൽ കരമന ഹരി മറുപടി പറയാത്തതോടെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.