ആലപ്പുഴ : സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസില്‍ സസ്പെൻഷനിലായ ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലർ എ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയ്റക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതിക്കാര്‍. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയിൽ ഉന്നയിക്കുന്ന ആവശ്യം. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോർട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇക്കാര്യം അറിയിച്ചിരുന്നു. പല ഏജന്‍സികളിലും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നായിരന്നു നാസറിന്‍റെ പരാമര്‍ശം.
ഷാനവാസിനെയും സുഹൃത്ത് അൻസറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖ വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. വൻ പാൻമസാല ശേഖരം പിടികൂടി മൂന്നാം ദിവസമാണ് വാഹനയുടമകളെ ആലപ്പുഴയിലെത്തി പൊലീസ് ചോദ്യം ചെയ്തത്. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ.
അതേസമയം രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങള്ക്കൊടുവില്‍ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്നലെ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെന്ഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി. വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.