കോഴിക്കോട് / ദില്ലി : എലത്തൂർ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നൽകേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നൽകേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ. ആവശ്യമെങ്കിൽ ഇന്ന് മെഡിക്കൽ സംഘത്തെ ക്യാമ്പിലേക്ക് അയക്കാം എന്ന് മെഡിക്കൽ കോളേജ് അധികൃതർ ഉറപ്പുനൽകി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാക്കും തെളിവെടുപ്പ് തീരുമാനിക്കുക.
അതേസമയം ട്രെയിൻ തീവെപ്പ് കേസിൽ കൂടൂതൽ പേരെ കേരള പൊലീസ് സംഘം ദില്ലിയിൽ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കും.
അതേസമയം ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണെന്നും അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.