ദില്ലി: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടര്‍ച്ചയായതോടെ ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമനവമി പാതകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
സംഘടിച്ചെത്തിയ ആൾക്കൂട്ടം ശാസ്ത്രിനഗർ മേഖലയിൽ രണ്ട് കടകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണൂർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യാസം നടത്തിയ സിറ്റി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികളും നിരീക്ഷിക്കുന്നുണ്ട്.
സമാധാനന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍മീഡിയിലൂടെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജപ്രചരണങ്ങളെ തള്ളണം. അത്തരം സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത്, പ്രചരിപ്പിക്കരുത്. ഉടന്‍ വിവരം അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.