കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് ഒറ്റയ്ക്കാണെന്ന് പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സ്വന്തമായി ഒരു അക്കൗണ്ട് മാത്രമാണ് ഉളളതെന്നും പൊലീസ് പറഞ്ഞു.അതേസമയം കേസിൽ ഇന്ന് തെളിവെടുപ്പ് ഇന്നുണ്ടായേക്കും. പ്രതിയെ ഇന്ന് എലത്തൂർ, ഷൊർണ്ണൂർ, കണ്ണൂരിലും എത്തിച്ചേക്കുമെന്നാണ് വിവരം. ഷാരൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് കയറിയ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിൻ നിർത്തിയ 15 സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രയ്ക്കിടെ ആരെങ്കിലും നേരിട്ട് ഷാരൂഖിനെ ബന്ധപ്പെട്ടതായുളള ശാസ്ത്രീയ തെളിവുകൾക്കായാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഷാരൂഖ് കയറിയ കോച്ചുകളിൽ സഞ്ചരിച്ചവരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ട്രെയിൻ കൂടുതൽ സമയം നിർത്തിയിട്ട സ്റ്റേഷനുകളിൽ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ട്രെയിനില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനിടെ ഷാരൂഖ് ഏതെങ്കിലും റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ടാകാം. ഈ സമയം ഷാരൂഖിനെ ആരെങ്കിലും അനുഗമിക്കുന്നുണ്ടോയെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
കേസിൽ ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഡൽഹിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഷാരൂഖ് സെയ്ഫിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുളള വിവരങ്ങളാണ് ശേഖരിക്കുന്നത്. ചൊവ്വാഴ്ച പ്രതിയുടെ ഷഹീൻബാഗിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജന്റെ നേതൃത്വത്തിലുളള സംഘം ഷാരൂഖിന്റെ വീട്ടുകാരുടേയും അയൽവാസികളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്തു. ഷാരൂഖിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ ഷാരൂഖ് സെയ്ഫി പങ്കാളിയായിരുന്നോ എന്നും മലയാളികളുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.