കൊച്ചി: മൂന്ന് വിദ്യാർത്ഥികളുൾപ്പടെ നാല് പേരുടെ ജീവനെടുത്ത കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോർട്ട് തള്ളി
കുസാറ്റ് എംപ്ലോയീസ് യൂണിയൻ. റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്നും ചിലരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാൻ ശ്രമമെന്നും ആരോപണമുയരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയില്ല. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉപസമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നും എംപ്ലോയീസ് യൂണിയൻ പറഞ്ഞു.
റിപ്പോർട്ടിൽ ശക്തമായ പ്രതിഷേധം യൂണിയൻ ഉയർത്തും. പരാതിയുമായി ഗവർണറെ സമീപിക്കും. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ എംപ്ലോയീസ് യൂണിയൻ കക്ഷി ചേരും. ഉപസമിതി റിപ്പോർട്ടിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്നും ഉപസമിതി റിപോർട്ട് പ്രകാരം സസ്പെൻഷൻ അടക്കമുള്ള നടപടികൾ കുറ്റക്കാർക്കെതിരെ വേണമായിരുന്നു എന്നും എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു.