പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിനെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും ഗ്രൂപ്പ് യോഗങ്ങൾ. ജില്ലയിലെ എ ഗ്രൂപ്പിൻ്റെ പ്രമുഖനായ ബാബു ജോർജിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെയാണ് എ ഗ്രൂപ്പ് യോഗങ്ങൾ സജീവമായത്. മുൻ ഡിസിസി പ്രസിഡൻ്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് താഴേതട്ടിൽവരെ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത്. ഗ്രൂപ്പിനെ സജീവമാക്കി, മാറി നിൽക്കുന്ന പ്രമുഖ നേതാക്കളെ നേതൃനിരയിൽ എത്തിക്കുക എന്നതാണ് യോഗങ്ങളുടെ ലക്ഷ്യം. മുതിർന്ന സംസ്ഥാന നേതാക്കളുടെ അനുമതിയോടെയാണ് യോഗങ്ങൾ ചേരുന്നത് എന്ന സൂചനയുമുണ്ട്.
ജില്ലാ നേതൃത്വത്തിൻ്റെ അനാവശ്യ ഇടപെടലുകളും ചിലരുടെ നേതാവു ചമയ്ക്കലും പാർട്ടിയെ പിന്നിലേക്ക് നയിക്കുകയാണെന്ന അഭിപ്രായം യോഗങ്ങളിൽ ഉയർന്നു. എ ഗ്രൂപ്പിൻ്റെ യോഗത്തിൽ പ്രമുഖരായ എല്ലാ നേതാക്കളും പങ്കെടുത്ത് ബാബു ജോർജിന് പിന്തുണ അറിയിച്ചു. ഫിലിപ്പോസ് തോമസ് അടക്കമുള്ളവരോടു തുടർന്ന അവഗണനയുടെ തുടർച്ചയാണിതെന്നും ബാബു ജോർജിനെ അവഹോളിച്ചു പുറത്താക്കാനുള്ള നീക്കങ്ങളെ ചെറുത്തു നിൽക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
ബാബു ജോർജിനെതിരായ നടപടി ഏകപക്ഷീയവും ബോധപൂർവം ചമച്ചതുമാണ്. ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ പി.ജി. കുര്യൻ്റെ ആജ്ഞാനുവർത്തിയായി മാത്രം പ്രവർത്തിക്കുകയാണ്. നിലവിൽ അധ്യക്ഷൻ്റെ പ്രവർത്തനങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തി കഴിഞ്ഞു. സീനിയർ നേതാക്കളെ പരിഗണിക്കാതെയും കേൾക്കാതെയും പോകുന്നത് ഏകാധിപത്യത്തിൻ്റെ ഭാഗമാണ്. അധ്യക്ഷൻ ശൈലി മാറിയില്ലെങ്കിൽ പാർട്ടി കൂടുതൽ അപകടത്തിലേക്കു പോകും.
വാതിൽ തള്ളിതുറക്കുന്നതിന് മുമ്പ് ഉണ്ടായ സംഭവം പരിശോധിക്കാൻ നേതൃത്വം തയാറാകണം. ബാബു ജോർജ് ഉന്നയിച്ച ആരോപണങ്ങൾ കേട്ടില്ലെന്ന് നടിക്കുകയാണ്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗം നടത്തിയ കെപിസിസി ഭാരവാഹിയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച അന്വേഷണ വിധേയമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടി ഓഫീസിലെ സിസിടിവി ദൃശ്യം പുറത്തേക്ക് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും അതിനെതിരെ കെപിസി സി അന്വേഷിക്കണമെന്നും യോഗത്തിൽ ഒന്നടങ്കം ആവശ്യമുയർന്നു. അനാവശ്യ കാരണങ്ങൾ പറഞ്ഞ് സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തിയവരെ പാർട്ടിയിൽ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു .