ദില്ലി: ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി. തെളിവെടുപ്പിന് ഗുസ്തി ഫെഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ ബ്രിജ് ഭൂഷൺ സമീപത്തുണ്ടായിരുന്നു. ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം പറയുന്നു. കുറ്റാരോപിതൻ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി ദേശീയ മാധ്യമത്തോട് പറഞ്ഞു.
പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് അടക്കം സംസാരിച്ചത് താൻ കണ്ടുവെന്നും പരാതിക്കാരി. ഗുസ്തി ഫെഡറേഷന്റെ ഓഫീസും ബ്രിജ് ഭൂഷണിന്‍റെ വസതിയും ഒരെ വളപ്പിലാണ്. കുറ്റാരോപിതൻ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ദില്ലി പൊലീസ് രംഗത്തെത്തി. വീടും ഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങി. നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായി.നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പോലീസ് ഇത് ഉൾപ്പെടുത്തും