ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തിയ വെള്ളം മറ്റ് ദിശകളിലേക്ക് തുറന്നുവിടാന്‍ സാധിക്കുമായിരുന്നില്ലെന്ന വിശദീകരണവുമായി ഹരിയാന സര്‍ക്കാറും രംഗത്തെത്തി.
എംപിയുമായ സഞ്ജയ് സിങ്, ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാന സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രളയം ഉണ്ടാവുമ്പോള്‍ ഹാത്നികുണ്ടില്‍ നിന്നുള്ള വെള്ളം ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും സന്തുലിതമായി ഒഴുക്കുകയായിരുന്നു ചെയ്യുന്നത്. എന്നാല്‍ ജൂലൈ 9 മുതല്‍ 13 വരെ വെള്ളം ഡല്‍ഹിയിലേക്ക് മാത്രം ഒഴുക്കി. ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും തുല്യമായി വെള്ളം ഒഴുക്കിയിരുന്നെങ്കില്‍ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും യുമന നദിയുടെ അടുത്ത പ്രദേശങ്ങള്‍ പ്രളയത്തില്‍ നിന്ന് രക്ഷപെടുമായിരുന്നു എന്നും അവര്‍ ആരോപിച്ചു.
അതേസമയം കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം ഒരു ലക്ഷം ക്യുസെക്സിന് മുകളിലുള്ള വെള്ളം വെസ്റ്റേണ്‍ യമുനയിലേക്കോ ഇസ്റ്റേണ്‍ യമുനയിലേക്കോ ഒഴുക്കി വിടാനാവില്ലെന്ന് ഹരിയാന സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. വലിയ പാറകള്‍ ഒഴുകിയെത്തുന്നതിനാല്‍ ഒരു ലക്ഷം ക്യുസെക്സിന് മുകളിലുള്ള ജലം വെസ്റ്റേണ്‍ യമുനയിലേക്കോ ഈസ്റ്റേണ്‍ യമുനയിലേക്കോ ഒഴുക്കാന്‍ കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗ നിര്‍ദേശപ്രകാരം സാധിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ദേവേന്ദ്ര സിങും ട്വീറ്റ് ചെയ്തു.