തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനിൽകാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്.
ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പ്രതി പിടിയിലായി എന്ന് സ്ഥിരീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് ഡിജിപി. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്. രത്നഗിരി ആർപിഎഫിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോൾ. ഷഹീൻ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.