കോഴിക്കോട് : കൂരാച്ചുണ്ടിൽ ശാരീരിക പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇവരുടെ മാതാപിതാക്കൾ ഇന്നലെയാണ് ടിക്കറ്റ് എടുത്ത് നൽകിയത്. ചികിത്സ പൂർത്തിയായ യുവതിയെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. രാവിലെ 8 ന് ദുബായിലേക്കുളള വിമാനത്തിലാണ് യാത്ര തുടങ്ങിയത്. കേസിലെ പ്രതി ആഖിലിനെതിരെ ഇന്നലെ ഗുരുതര ആരോപണങ്ങളാണ് ഇയാളുടെ രക്ഷിതാക്കൾ നടത്തിയത്. ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് മകൻ റഷ്യൻ യുവതിയെ മർദ്ദിച്ചതെന്നാണ് ആഖിലിന്റെ മാതാപിതാക്കൾ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറിൽ നിന്നും നാട്ടിലേക്കെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും മർദ്ദനം സഹിക്കാതെയാണ് യുവതി ടെറസ് വഴി താഴേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് കണ്ടെത്തൽ. പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായാണ് പൊലീസ് വിശദീകരണം. യുവതി വീടിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. റിമാൻഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്.