കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചിൽ. എല്ലാ തട്ടിലും ഉള്ള ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്.
ഒരു എസ്പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം. കേരളത്തിൽ കഞ്ചാവ്, എംഡിഎഎ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്.
ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും കെ സേതുരാമന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.
നേരത്തെ സിനിമാ താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തേക്കുറിച്ച് അറിവുണ്ടെന്ന് കെ സേതുരാമന്‍ വിശദമാക്കിയിരുന്നു. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്.
മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.