സാമൂഹിക മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു വീഡിയോയാണ് അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മയക്കു മരുന്ന് ഉപയോക്താക്കളുടെത്. വീഡിയോ കളിലെ ദൃശ്യങ്ങള്‍ സോംബി സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമുള്ളതാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് തല പോലും നേരെ ഉയര്‍ത്താന്‍ കഴിയാതെ ആടിക്കുഴഞ്ഞ് ഇപ്പോ വീണ് പോകുമെന്ന തരത്തില്‍ നടക്കുന്ന യുവതീ/യുവാക്കളുടെ വീഡിയോ വീഡിയോകളില്‍ തെരുവുകളില്‍ വീണ് കുടക്കുന്ന നിരവധി ആളുകളെ കാണാം. രോഗം ബാധിച്ച് മരിച്ച് വീണവരെന്ന് തോന്നിക്കുന്ന തരത്തിലാണ് പലരുടെയും കിടപ്പ്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോ യാഥാര്‍ത്ഥ്യത്തിലുള്ളതാണെന്നത് കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നു.
ടിക്ടോക്കുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോകള്‍ക്ക് പത്ത് ലക്ഷത്തിലധികമാണ് കാഴ്ചക്കാര്‍. വീഡിയോകളില്‍ നിവര്‍ന്ന് നില്‍ക്കാനായി പാടുപെടുന്ന ഒരോ ചുവട് വയ്ക്കാനും ഏറെ സമയമെടുക്കുന്ന, തല ഉയര്‍ത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന നിരവധി പേരെ കാണിക്കുന്നു. ചിലര്‍ തെരുവുകളില്‍ വീണു കിടക്കുന്നതായി കാണിക്കുന്നു. അതിമാരകമായ ഒരു ലഹരിയുടെ ഉപയോഗമാണ് ആളുകളെ ഇത്തരത്തില്‍ ബലഹീനരാക്കുന്നെത് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെറോയിൻ, കൊക്കെയ്ൻ, ഫെന്‍റനൈൽ എന്നിവയുടെ ലഹരി ഫലങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ മയക്കുമരുന്നായ സൈലാസൈൻ ( Xylazine) അല്ലെങ്കിൽ “ട്രാങ്ക്” (tranq) എന്ന മയക്ക് മരുന്നിന് അടിമകളായവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണയായി മൃഗങ്ങൾക്ക് അനസ്തേഷ്യയ്ക്ക് വേണ്ടിയും വേദനസംഹാരിയായും നിയന്ത്രിതമായ അളവിലാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മയക്കു മരുന്നിന്‍റെ വീര്യം കൂട്ടാന്‍ മയക്കുമരുന്ന് ലോബി ഇവ മറ്റ് ലഹരികളില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രാങ്ക് ഉപയോഗിക്കുന്നയാള്‍ക്ക് അതിന്‍റെ ലഹരി തീരുന്നത് വരെ സ്വയം ബോധമുണ്ടാകില്ല. കാര്യങ്ങള്‍ വളരെ വേഗത്തിലാണ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും നിന്ന ഇടത്ത് നിന്ന് ചലിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ശരിരം മാറുന്നു. ഇത്തരം അവസ്ഥയിലേക്ക് മാറുന്ന ഒരാള്‍ ‘സോംബി സിനിമ’യിലേത് പോലെ പെരുമാറുന്നതായി തോന്നാം. കഴിഞ്ഞ ഏപ്രില്‍ യുഎസ് രാജ്യത്ത് വളര്‍ന്നുവരുന്ന ഭീഷണിയായി ഈ മയക്കുമരുന്നിനെ പ്രഖ്യാപിച്ചു. നാഷണൽ ഡ്രഗ് കൺട്രോൾ പോളിസിയുടെ ഓഫീസ് ഡയറക്ടർ ഡോ.രാഹുൽ ഗുപ്തയാണ് ഈ മുന്നറിയിപ്പ് നൽകിയത്.