കൊച്ചി : ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ, മൊഴി നൽകാൻ ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിനെ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി. കേസിൽ അറസ്റ്റിലായ ശിവശങ്കറുമായി ഒരുമിച്ചിരുത്തി മൊഴിയെടുക്കാനാണ് നീക്കം. യു വി ജോസാണ് നേരത്തെ റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ടത്. കരാറുകാരായ യൂണിടാക്കിനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് അന്ന് ലൈഫ് സിഇഒ ആയിരുന്ന യുവി ജോസിന് പരിചയപ്പെടുത്തിയത്.
ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കർ നടത്തിയതെന്നുമാണ് ഇഡി നിഗമനം. യു വി ജോസിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി മൊഴിയെടുത്ത് ഏതൊക്കെ രീതിയിൽ ശിവശങ്കർ ഇടപെട്ടുവെന്നതിൽ അടക്കം വ്യക്തത തേടാനാണ് ഇഡി ശ്രമം. നേരത്തെ ലൈഫ് മിഷൻ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഇഡിയും കേസ് അന്വേഷിക്കുന്ന സിബിഐയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിരുന്നു.