തിരുവനന്തപുരം : ലൈഫ് മിഷനിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇഡി റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിലുന്നയിച്ച മാത്യു കുഴൽനാടനെ വിമർശിച്ച മന്ത്രി എംബി രാജേഷ്, ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് കേരളത്തിൽ കോൺഗ്രസിന് വേദവാക്യമെന്നും പരിഹസിച്ചു.
”കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യങ്ങൾ സഭയിൽ ഉന്നയിക്കരുതെന്നാണ് ചട്ടം. പക്ഷേ കോൺഗ്രസിന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് വേദവാക്യം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ അല്ല, പകരം ഇഡിയുടെ കുറ്റന്വേഷണ പരീക്ഷണങ്ങളാണ് ഇപ്പോൾ കോൺഗ്രസിന് വേദവാക്യം. റിമാൻഡ് റിപോർട്ട് കോൺഗ്രസ് വേദവാക്യമായി കാണുന്നു. കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നത്. നേരത്തെ ഉന്നയിച്ച ബിരിയാണി ചെമ്പും ഖുർ ആനും എന്തായെന്നും മന്ത്രി പരിഹസിച്ചു.
കോൺഗ്രസ് ദേശീയ നേതൃത്വവും പ്ലീനറി സമ്മേളന പ്രമേയവും ഇഡിക്ക് എതിരാണ്. നിങ്ങളുടെ ആ രാഷ്ട്രീയ പ്രമേയത്തിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയുമോ? ദേശീയ നേതൃത്വം ഇഡിക്കെതിരെയാണ്. പക്ഷേ സംസ്ഥാന കോൺഗ്രസ് ഇഡിയെ വലുതായി കാണുന്നു. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുമ്പോൾ കയ്യടിക്കാൻ ഇടതുപക്ഷം ഉണ്ടായിരുന്നില്ല. അവിടെ ഇഡിക്കെതിരെ സമരം ചെയ്ത കോൺഗ്രസുകാർ ഇവിടെ ഇഡിക്ക് വേണ്ടി വാദിക്കുന്നു. ഇതിന് അസാമാന്യ വൈഭവം വേണമെന്നും മന്ത്രി രാഷേജ് പരിഹസിച്ചു.