കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂർ വിഷയവുമായി ബന്ധമില്ലെന്നായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം.
രണ്ടാം തവണയാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്പോൾ ആരൊക്കെയാണ് ആ ഉന്നതർ എന്ന ചോദ്യവും ശക്തമാകുകയാണ്. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്.