കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന്‍റെ പ്രതിനിധികല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് എം.കെ. കണ്ണന്‍റെ പ്രതിനിധികള്‍ ഇഡി ഓഫീസിലെത്തിയത്. എം.കെ. കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ഇതിനിടെയാണ് എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.
ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് ഇഡിയുടെ നിർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്നാണ് ഇഡി നൽകിയ മൂന്നാമത്തെ നോട്ടീസിലാണ് ഇപ്പോള്‍ രേഖകൾ എത്തിച്ചത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.