അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തുടരുന്നതിനാൽ നിരീക്ഷണം ശകതമാക്കിയിരിക്കുകയാണ് തമിഴ് നാട് വനംവകുപ്പ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.
എന്നാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്.പക്ഷെ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തുമെന്നാണ് വിവരം.
ജനവാസ മേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്ത വിധം ആശങ്കയാണ് അരിക്കൊമ്പന്റെ വരവോടെ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
മഴ മേഘങ്ങൾ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ കൃത്യമായി ലഭിക്കാൻ വൈകുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് വരെ പെരിയാർ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പൻ. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്.