വയനാട് : കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലും ബത്തേരിയിലിറങ്ങിയ ആനയെ മയക്കുവെടി വെയ്ക്കാൻ അനുമതി നൽകാത്ത അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഐ സി ബാലകൃഷ്ണൻ എംഎൽഎ. ആനയെ മയക്കുവെടിവെക്കാൻ അനുമതി നൽകാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംഎൽഎ തുറന്നടിച്ചു. മയക്കുവെടി വെക്കാൻ വയനാട് വൈൽഡ് ലൈഫ് വാർഡൻ അനുമതി തേടിയിട്ടും ചീഫ് വെൽഡ് ലൈഫ് വാർഡൻ ആനയെ തുരത്താനാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജനങ്ങളുടെയും വനം ജീവനക്കാരുടെയും ജീവന് ഭീഷണിയായി വിഹരിക്കുകയാണ് കാട്ടാന. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെ ആർആർടി സംഘത്തെ പാലക്കാട്ടേക്ക് അയച്ചത് തെറ്റായ നടപടിയാണ്. വിഷയത്തിൽ വനം മന്ത്രിയെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് എംഎൽഎ, ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.
വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ ഇന്നും ശ്രമം തുടരുകയാണ്. ആളെകൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർത്ത കൊലകൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്.