സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് കര്‍ണാടക ഭരിക്കുന്നത്. ഈ നിലവെച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പി ജയരാജന്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
വാഹനങ്ങളെ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ശബ്ദമില്ലാത്ത വാഹനങ്ങളാണെന്നും പഴയതു പോലെ ഇരമ്പി വരുന്നവയില്ലെന്നും അതിനാല്‍ നിശബ്ദമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് സന്തോഷകരമാണെന്നുമായിരുന്നു പരാമര്‍ശം. വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്ക് വന്ന് മൃഗങ്ങള്‍ വാഹനങ്ങളെ വീക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്. യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. ഗുണ്ടല്‍പേട്ട അടക്കം വയനാടിനോട് ചേര്‍ന്നുള്ള കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിയന്ത്രണം കൊണ്ടുവന്നത്. മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളില്‍ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം. ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണ് ഇത്. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്.