തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയ വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. 1200 ലിറ്റർ സ്പിരിറ്റും എം.സി യുടെ ലേബലൊട്ടിച്ച് തയറാക്കിയ മദ്യവും പിടികൂടി. ഡോക്ടർ എന്നു അവകാശപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി അനൂപ് ഉൾപടെ ആറു പേർ പിടിയിലായി.
പെരിങ്ങോട്ടുകരയിലെ ഏറാത്ത് ഹോട്ടൽ 1200 രൂപ ദിവസ വാടകയ്ക്കെടുത്തായിരുന്നു ഇരിങ്ങാലക്കുട സ്വദേശി അനൂപിന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് സ്പിരിറ്റെത്തിച്ച് നിറം കലർത്തി എം.സി യുടെ വ്യാജസ്റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നു രീതി. ബിവറേജസ് കോർപ്പറേഷൻ വിലയാണ് കുപ്പിയിൽ പതിപ്പിച്ചിരുന്നത്. പകൽ ആളനക്കമില്ലാത്ത ഹോട്ടലിൽ രാത്രികാലങ്ങളിൽ അപരിചിത വാഹനങ്ങൾ വന്നു പോകാൻ തുടങ്ങിയതോടെയാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് പരിശോധനയ്ക്കെത്തുമ്പോൾ വാഹനത്തിൽ മദ്യം കയറ്റുകയായിരുന്നു.
33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്.ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേയ്സ് വിദേശ മദ്യം കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശി അനൂപായിരുന്നു മുഖ്യ സൂത്രധാരൻ. ബംഗലൂരുവിൽ നിന്ന് എം ബി ബി എസ് ബിരുദ നേടിയിട്ടുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ എക്സൈസ് പരിശോധിച്ച് വരികയാണ്.
അനൂപിനെ കൂടാതെ കോട്ടയം സ്വദേശികളായ കെ.വി.റജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി.മാത്യു, കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. . ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും, എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.