Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതദ്ദേശ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി, പ്രതിസന്ധിയിലായി ജനം

തദ്ദേശ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി, പ്രതിസന്ധിയിലായി ജനം

തിരുവനന്തപുരം: ആയിരം കോടി രൂപ അധിക വിഭവ സമാഹരണം എന്ന ന്യായം പറഞ്ഞ് തദ്ദേശ സേവനങ്ങൾക്കുള്ള ഫീസുകൾ സര്‍ക്കാര്‍ കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി പൊതുജനം. നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷ ഫോം മുതൽ നികുതി നിരക്കിൽ വരെ പലമടങ്ങ് വ്യത്യാസം വന്നത് വീട് സ്വപ്നം കാണുന്ന  സാധാരണക്കാർക്ക് നൽകുന്ന തിരിച്ചടി ചെറുതല്ല. ഇതിനെല്ലാം പുറമെ നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം കൂടിയാകുമ്പോൾ ചെലവ് പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാണ്.

സെന്റിന് 2 ലക്ഷം രൂപ വീതം മുടക്കി അഞ്ച് സെന്റിൽ പണിയുന്ന 1500 സ്ക്വയര്‍ ഫീറ്റ് വീട്.  ഒരു ശരാശരി ഇടത്തരക്കാരന്റെ സ്വപ്നത്തിന് മേൽ ഇടിത്തീ പോലെയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന. കെട്ടിട നിര്‍മ്മാണ പെർമിറ്റിനുള്ള അപേക്ഷ ഫീസ് 30 രൂപയായിരുന്നു. ഒറ്റയടിക്ക് 300 രൂപയായി. 100 സ്ക്വയര്‍ മീറ്റര്‍ മുതലും 300 സ്ക്വയര്‍ മീറ്ററിന് മുകളിലും സ്ലാബുകൾ തിരിച്ച് 3000 രൂപവരെ അപേക്ഷ ഫോമിന് ഈടാക്കും. മുനിസിപ്പാലിറ്റിയിലിത് 4000 രൂപ വരെയും കോര്‍പറേഷൻ പരിധിയിൽ 5000 രൂപ.

പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയൊരു വീടിന് പെ‍ർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇപ്പോഴത് 8500 രൂപയായി. നഗരസഭയിലെ നിരക്ക് 11500 രൂപയാണ്. കോർപറേഷനിൽ 16000. സ്ലാബ് മാറുന്നതനുസരിച്ച് ഈ തുകയും ഉയരും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചെലവും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും കൂടിയാകുമ്പോൾ ആകെ ബജറ്റിൽ ഉണ്ടാകുന്നത് ഏറ്റവും ചുരുങ്ങിയത് മൂന്നിലൊന്നിന്‍റെ വര്‍ദ്ധനയാണ്.

കാലാനുസൃതമായ മാറ്റമാണ് ഫീസിനത്തിൽ വന്നതെന്നും 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് നിരക്ക് വ്യത്യാസമേ ഇല്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കിയാൽ നിരക്ക് വളരെ കുറവെന്നും, അപേക്ഷിച്ച അന്ന് തന്നെ പെര്‍മിറ്റ് കിട്ടുന്ന സംവിധാനം വരുന്നതോടെ തീരുമാനം പൊതുജന സൗഹൃദമെന്നും സർക്കാർ അവകാശപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments