സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്‍റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം എക്സൈസ് വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.
“ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്‍റെ മൊഴി ഇതുവരെ എടുത്തില്ല? (ഒരു നടന്‍റെ) പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? ആരാണിതെന്ന് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണം”, ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ മാസം അമ്പലപ്പുഴയിൽ നടന്ന കേരള സർവകലശാല യൂണിയന്‍ യുവജനോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ടിനി ടോമിന്‍റെ പരാമര്‍ശം. “ഒരു മകനേ എനിക്കുള്ളൂ. ഭയം കാരണം സിനിമയിൽ വിട്ടില്ല. എനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണ്. ആ നടന്‍റെ പല്ല് പൊടിഞ്ഞ് തുടങ്ങി”, ടിനി പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.