ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിംഗിനു ശേഷം തിയറ്ററുകളില്‍ എത്തുന്നത് മലയാളത്തില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ 28 വര്‍ഷങ്ങളായി മലയാളികള്‍ ടെലിവിഷനിലൂടെയും മറ്റും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ കാണാന്‍ ആളെത്തുമോ എന്ന് തിയറ്റര്‍ ഉടമകള്‍ക്കു തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് ചിത്രം 3 കോടി നേടിയെന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നൂറോളം സ്ക്രീനുകളിലും വിദേശത്ത് 40 രാജ്യങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. യുകെ- അയര്‍ലന്‍ഡില്‍ 46 സ്ക്രീനുകളില്‍ നിന്നായി ചിത്രം നേടിയ ആദ്യ വാരാന്ത്യ കളക്ഷന്‍ 14,000 യൂറോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 14 ലക്ഷം രൂപ. യുകെയില്‍ ഈ വര്‍ഷം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ഗ്രോസ് ആണ് ഇത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് ഒന്നാം സ്ഥാനത്ത് (15,000 യൂറോ).
ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ചെണ്ടമേളമടക്കമുള്ള സന്നാഹങ്ങളോടെയാണ് യുകെയിലെ മലയാളികളാണ് സിനിമാപ്രേമികള്‍ സ്ഫടികത്തിന്‍റെ രണ്ടാംവരവിനെ എതിരേറ്റത്. ഓസ്ട്രേലിയയിലും കാനഡയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റീമാസ്റ്ററിംഗ് പതിപ്പിന്‍റെ പ്രൊജക്റ്റ് ഡിസൈനര്‍ ആയ അജി ജോസ് പറഞ്ഞിരുന്നു.