തിരുവനന്തപുരം : ചോര്‍ന്നൊലിച്ചും തറയോടുകൾ പൊട്ടിപ്പൊളിഞ്ഞും മാലിന്യം കുമിഞ്ഞുകൂടിയും കടലോര ജനതയുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാലരവര്‍ഷം മുമ്പ് തിരുവനന്തപുരം മുട്ടത്തറയിൽ നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയം. മേൽക്കൂരകളിലെ വിള്ളലും ഇളകി മാറിയ ടൈലുകളും നിറഞ്ഞുകവിഞ്ഞ മാലിന്യ ടാങ്കുകളുമാണ് പ്രതീക്ഷാ ഫ്ലാറ്റിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വീണ്ടും ദുരിതത്തിലാക്കിയത്. ഫിഷറീസ് മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
2012 മുതൽ കടൽക്ഷോഭത്തിൽ വീട് നഷ്ടമായവര്‍ക്കായി 2018 ഒക്ടോബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ വിജയൻ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്ത ഭവനസമുച്ചയമാണ് വര്‍ഷം അഞ്ച് തികയും മുമ്പെ ഈ വിധത്തിലായത്. 24 ബ്ലോക്കുകളിലായി പതിനേഴരക്കോടി ചെലവിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ മൂന്നേമുക്കാൽ ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച 192 ഫ്ലാറ്റുകളിൽ 24 എണ്ണത്തിലാണ് വിള്ളൽ. മറ്റു ചിലതിലാകട്ടേ തറയോടുകൾ പൊട്ടിപ്പൊളിഞ്ഞു. മാലിന്യ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞു.
രണ്ട് കിടപ്പുമുറി, ഒരു സ്വീകരണമുറി, അടുക്കള, ശുചിമുറി അടക്കം 542 ചതുരശ്ര അടിയിൽ ഫ്ലാറ്റുകൾ നിര്‍മ്മിച്ചത് ഊരാളുങ്കൽ സഹകരണ സൊസൈറ്റി. 2017 ജനുവരിയിൽ തറക്കല്ലിട്ട ഫ്ലാറ്റ് നിര്‍മ്മാണം ഒരു വര്‍ഷവും ഒന്പതുമാസവും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. പുനര്‍ഗേഹം ഫ്ലാറ്റ് തറക്കല്ലിടലിന് ഫിഷറീസ് മന്ത്രി സജി ചെറിയാനെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ നിവേദനം നൽകി. ഊരാളുങ്കൽ തന്നെ സൗജന്യമായി അറ്റക്കുറ്റപ്പണി നടത്തിത്തരുമെന്നാണ് മന്ത്രിയുടെ വാഗ്ദാനമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.