ഡൽഹി: ഡൽഹി മുതൽ ഹൈദരാബാദ് വരെയുള്ള എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിത പൈലറ്റിനെ മദ്യലഹരിയിൽ വിമാനം പറത്താൻ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസർ പരീശോധനയിൽ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ പൈലറ്റ്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിസിജിഎ) മാനദണ്ഡപ്രകാരം വിമാനം പറത്തുന്നതിന് മുമ്പായി, വിമാനത്തിലെ എല്ലാ ജീവനക്കാരും ബ്രെത്തലൈസർ പരിക്ഷണത്തിന് വിധേയരാകണം. പൈലറ്റുകൾ വിമാനം നിലവിൽ പറത്താൻ യോഗ്യരാണോ എന്ന പരീക്ഷണത്തിനും വിധേയരാകണം. ഇതിൽ ഏതെങ്കിലും പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ ഇവർക്കെതിരെ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്യും.
ജീവനക്കാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കഴിഞ്ഞ വർഷമാണ് ഡിസിജിഎ പരിഷ്‌കരിച്ചത്. മദ്യത്തിന് പുറമെ ടൂത്ത് ജെൽ, മൗത്ത് വാഷ് എന്നിവയുടെ ഉപയോഗവും ആൽക്കഹോളിന്റെ സാനിധ്യത്താൽ ഡിസിജിഎ നിരോധിച്ചിരുന്നു. ഈ വസ്തുക്കൾ ഉപയോഗിച്ചാലും ബ്രെത്തലൈസർ ആൽക്കഹോളിന്റെ സാനിധ്യം നിശ്വാസത്തിൽ കണ്ടെത്തും.