കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടതെന്നും കെ.പി.എ മജീദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നായിരുന്നു. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിച്ചു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താത്പര്യമില്ലാത്തവർ ഉണ്ടാകും.
ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് പ്രായോഗികവുമല്ല. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.