തിരുവനന്തപുരം: ഭക്ഷണത്തിൽ കല്ലുകടിച്ചാൽ ഇനി ചിത്രം സഹിതം പരാതി നൽകാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരാതി പോർട്ടലിലൂടെയാണ് ഈ സംവിധാനം. ഗ്രീവൻസ് പോർട്ടലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മായംകലർന്ന ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായ ചുറ്റുപാട്, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികളെല്ലാം പോർട്ടലിലൂടെ അറിയിക്കാം.
പോർട്ടലിലൂടെ ജനങ്ങൾക്ക് പരാതി നൽകാനും തുടർന്ന് പരാതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാനും ജനങ്ങൾക്ക് സാധിക്കും. ഏത് സ്ഥാപനത്തെ കുറിച്ചാണോ പരാതിയുളളത് ആ സ്ഥാപനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ പരാതിപ്പെടാൻ ജനങ്ങൾക്ക് സാധിക്കും. ഇതിനു വേണ്ടിയുളള മൊബൈൽ ആപ്പ് ഉടൻ തന്നെ പ്രവർത്തനസജ്ജമാകും.
മന്ത്രി വീണാ ജോർജാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചെറുധാന്യവർഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉദ്ഘാടനം. ഇതുകൂടാതെ ചെറുധാന്യ വർഷം 2023-ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശനമത്സരവും ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. ബിരിയാണി, പുട്ട്, ചപ്പാത്തി, ഇഡ്ഡലി, ഹൽവ, ലഡ്ഡു, വീഞ്ഞ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. മത്സരത്തിൽ വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വി കെ പ്രശാന്ത് എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. പരിപാടിയിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഡോ. വീണ എൻ മാധവൻ, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ അബ്ദുൾ റഷീദ്, ഭക്ഷ്യസുരക്ഷാ ജോ. കമ്മിഷണർ എം ടി ബേബിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.etaright.foodsaftey.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോർട്ടലിലേക്ക് പ്രവേശിക്കാം. തുടർന്ന് റിപ്പോർട്ട് കംപ്ലെയ്ന്റ്, മൈ കംപ്ലെയ്ന്റ്‌സ് എന്നീ രണ്ട് ഐക്കണുകൾ ആപ്പിൽ കാണാം. റിപ്പോർട്ട് കംപ്ലെയ്ന്റിലെ രജിസ്റ്റർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് മൊബൈൽനമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും. പേരും ഒടിപിയും നൽകുക. ജില്ല, സർക്കിൾ, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷൻ, ലാൻഡ്മാർക്ക്, പരാതി, വിശദാംശങ്ങൾ എന്നിവ നൽകുക. പിന്നീട് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാവുന്നതാണ്. നോ ഐക്കൺ എന്ന ഓപ്ഷനും പോർട്ടലിൽ ലഭ്യമാണ്. പേര് വെളിപ്പെടുത്താൻ താത്‌പര്യമില്ലെങ്കിൽ നോ ഐക്കൺ ക്ലിക്ക് ചെയ്യാം. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ പരാതി രജിസ്റ്റർ ആവുന്നതാണ്. പരാതിയിൽ സ്വീകരിച്ച നടപടികൾ ഹോംപേജിലെ മൈ കംപ്ലെയ്ന്റ്‌സിലൂടെ അറിയാൻ സാധിക്കും.