Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കോഴി, ആട്, പോത്ത്'; ഒല്ലൂരില്‍നിന്ന് പിടികൂടിയ 90 കിലോ മാംസം 'സുനാമി ഇറച്ചി', ഇകോളി ബാക്ടീരിയയുടെ...

‘കോഴി, ആട്, പോത്ത്’; ഒല്ലൂരില്‍നിന്ന് പിടികൂടിയ 90 കിലോ മാംസം ‘സുനാമി ഇറച്ചി’, ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം

തൃശൂര്‍: ഒല്ലൂരിലെ കടയില്‍നിന്നും തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയ 90 കിലോ മാംസം സുനാമി ഇറച്ചി തന്നെയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഇറച്ചി എത്തിച്ച യൂണിക് മീറ്റ് പ്രോഡക്ട്‌സിനെതിരെ കേസെടുക്കാനും നിര്‍ദേശമുണ്ട്. കാക്കനാട് റീജിയണല്‍ ലാബില്‍നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അനധിക്യതമായി സൂക്ഷിച്ച മാംസമാണ് ജൂണ്‍ 21ന് പിടികൂടിയത്. ഇതിന് പിന്നാലെ കട അടച്ച് സീല്‍ചെയ്തിരുന്നു. 

അന്യസംസ്ഥാനത്തുനിന്നു കൊണ്ടുവരുന്ന സുനാമി മാംസമാണ് സംശയത്തിൻറെ പേരിലാണ് പരിശോധന നടന്നത്. മാംസം ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇറച്ചി പഴകിയതും ഭക്ഷ്യയോഗ്യവുമല്ലെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. അഴുകിയ ഇറച്ചിയിൽ വലിയ അളവിലുള്ള ഇക്കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഭക്ഷണത്തിന് ഉപയോഗിക്കാൻ പറ്റാത്ത ഇറച്ചിയാണ് ഒല്ലൂരിലെ ചേരുവശാലയിൽനിന്ന് പിടികൂടിയത്.

ഒല്ലൂര്‍ കേശവപ്പടിക്ക് സമീപം നേരത്തെ യൂണിക് ഫിഷ് എന്ന സ്ഥാപനം കല്ലൂര്‍ സ്വദേശി കുഞ്ഞാമര ജോസഫ് എറ്റെടുത്ത് നടത്തുകയായിരുന്നു. കടയുടെ മുന്നിലെ ഷട്ടര്‍ തുറക്കുകയോ പൊതുജനങ്ങള്‍ക്ക് വില്പന നടത്തുകയോ ചെയ്തിരുന്നില്ല. മത്സ്യമാംസവില്പനയുടെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന വിലക്കുറവുള്ള മാംസം വാങ്ങി മൊത്തവില്പനയാണ് ഇവിടെ നടക്കുന്നത് എന്നാണ് സംശയിക്കുന്നത്. ട്രെയിനിൽ കൊണ്ടുവരുന്ന മാംസം കടയില്‍ എത്തിക്കാതെ തന്നെ മൊത്തവിതരണം നടത്തുകയാണ് പതിവ്.

പിടിച്ചെടുത്ത മാംസത്തില്‍ പലയിനം മാംസങ്ങള്‍ കൂട്ടിക്കലര്‍ത്തിയിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 90 കിലോ പഴകിയ ഇറച്ചിയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നത്. മധുരയില്‍നിന്ന് പുറപ്പെടുന്ന അമൃത എക്‌സ്പ്രസിലാണ് പിടികൂടിയ പഴകിയ ഇറച്ചി കൊണ്ടുവന്നത്. ഇറച്ചി അടങ്ങിയ പെട്ടികളില്‍നിന്ന് വെള്ളം ഒലിച്ചിരുന്നു. ദുര്‍ഗന്ധവും വമിച്ചിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇറച്ചി പിറ്റേന്ന് രാവിലെയാണ് ഒല്ലൂരിലെ വിപണനകേന്ദ്രത്തില്‍ എത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടിച്ചതിനെ തുടര്‍ന്ന് ഒല്ലൂര്‍ കേശവപ്പടിക്ക് സമീപമുള്ള വിപണനകേന്ദ്രം പൂട്ടി സീല്‍ വച്ചിരുന്നു. 

കോഴി, ആട്, പോത്ത് എന്നിവയുടെ ഇറച്ചി വിവിധയിടങ്ങളില്‍നിന്ന് എത്തിച്ച് ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങള്‍ക്കും മൊത്തവിതരണം ചെയ്യുന്ന കേന്ദ്രമാണിത്. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇവിടെ മാംസം സൂക്ഷിച്ചിരുന്നത്. തുറസമായ മുറിയില്‍ സൂക്ഷിച്ചിരുന്ന മാംസം ഫ്രീസ് ചെയ്തിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ മുന്‍ഭാഗം അടച്ചിട്ട് പിന്‍വശത്തെ ഇടുങ്ങിയ മുറിയിലായിരുന്നു കച്ചവടം. ഇവിടെ ചില്ലറ വില്‍പ്പന ഉണ്ടായിരുന്നില്ല. ആവശ്യക്കാര്‍ക്ക് അവരുടെ സ്ഥലത്തേക്ക് എത്തിച്ച് കൊടുക്കുന്നതായിരുന്നു വിപണരീതി. എന്നാല്‍ നിരന്തരം വാഹനങ്ങളില്‍ മാംസം കൊണ്ടുവരുന്നതും കൊണ്ടു പോകുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com