സര്‍ക്കാര്‍ അപേക്ഷകളുമായി എപ്പോഴെങ്കിലും എന്തെങ്കിലും തരത്തില്‍ നിങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ അപേക്ഷകളിലോ അതിനെ തുടര്‍ന്ന് വരുന്ന അനുബന്ധ പേജുകളിലോ നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയുള്ള ചില വാചകങ്ങളാണ് ‘സത്യവാങ് മൂലത്തില്‍ മാപ്പ് അപേക്ഷ സമര്‍പ്പിക്കണം’, ‘കാലവിളമ്പം മാപ്പാക്കി ആനുകൂല്യം നല്‍കാന്‍ അപേക്ഷിക്കണം’ എന്ന് തുടങ്ങുന്ന വാചകങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പോഴെങ്കിലും ആ വാചകങ്ങളില്‍ ആവര്‍ത്തിക്കുന്ന ആശയത്തെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അതോ, കാര്യം നടന്ന് കിട്ടാനായി നിങ്ങളും ‘മുമ്പേ നടക്കുന്ന ഗോവിന്‍റെ പിമ്പേ….’ എന്ന് പറഞ്ഞപോലെ മാപ്പ് അപേക്ഷയ്ക്ക് താഴ്മയായി അപേക്ഷിച്ചോ? നിങ്ങള്‍ എന്തോ തെറ്റ് ചെയ്തിരിക്കുകയാണെന്നും അതിനാല്‍ സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കുമ്പോള്‍ നിങ്ങള്‍ താഴ്മയോടെ വിനീത വിധേയനായി ചെയ്ത തെറ്റ് മാപ്പാക്കാന്‍ അപേക്ഷ നല്‍കണമെന്നുമാണ് ആ വാക്കുകളിലെ വംഗ്യാര്‍ത്ഥമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? പക്ഷേ അപ്പോഴൊന്നും നിങ്ങള്‍ കോളോണിയല്‍ കാലഘട്ടത്തിലല്ല ജീവിക്കുന്നതെന്നും ജനാധിപത്യ രാഷ്ട്രമായ സ്വതന്ത്ര്യ ഇന്ത്യയിലാണെന്നും ഓര്‍ത്തു കാണാന്‍ ഇടയില്ല.
എന്നാല്‍, ഇനി സര്‍ക്കാര്‍ അപേക്ഷകളില്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുന്ന സന്ദര്‍ഭങ്ങളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ് അഥവാ ക്ഷമ ചോദിക്കുന്ന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി. അതായത് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകളുമായി ഇനി സര്‍ക്കാര്‍ ഓഫീസുകളുടെ പടി ചവിട്ടേണ്ടെന്ന് തന്നെ. ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. എ ജയതിലക് ഐഎഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ‘മാപ്പപേക്ഷ’ എന്ന പദം പൗരന്‍റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാൽ ‘മാപ്പപേക്ഷ’ എന്ന പദവും കാഴ്ചപാടും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഔദ്യോഗിക ഭാഷസമിതിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയ ഉത്തരവിറങ്ങിയത്.