പാലക്കാട്: കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഈ മാസം നൽകേണ്ടിയിരുന്ന തുകയിൽ 332 കോടി രൂപ വെട്ടിക്കുറച്ചെന്ന് കത്തുവന്നതായി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ജിഎസ്ടി വിഹിതമായി ഓരോമാസവും 1450 കോടി രൂപയാണ് കേരളത്തിന് ലഭിക്കുന്നത്.
പൂളിൽ കുറവ് വന്നു എന്നാണ് കാരണം പറയുന്നതെന്ന് ചൂണ്ടിക്കാണിച്ച ബാലഗോപാൽ കുറവ് വന്നു എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി. ഒരു വലിയ ബോംബ് ഇടുന്നത് പോലെ ഭീകരമാണ് കേന്ദ്ര നടപടിയെന്നും ബാലഗോപാൽ വ്യക്തമാക്കിയിരുന്നു, കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് തുല്യമായ പരിഗണന നൽകുന്നില്ല. ഏറ്റവുമധികം വെട്ടിക്കുറച്ചത് കേരളത്തിനാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചതായും ബാലഗോപാൽ.
കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ജിഎസ്ടി വിഹിതത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള തുക വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രവിഹിതമായി ലഭിക്കേണ്ട വിവിധ ഫണ്ടുകൾ കേന്ദ്രസർക്കാർ കുടിശ്ശികയാക്കുന്നതായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൽ അടക്കം ജനങ്ങൾക്ക് മുമ്പിൽ വിശദീകരിച്ചിരുന്നു. ഇതിനിടെ കേരളത്തിൽ എത്തിയ കേന്ദ്ര ധനകാര്യമന്ത്രി കേരളത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിഹിതങ്ങൾ കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.
പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിവിഹിതം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ചവരുത്തുന്നു. സാമൂഹ്യക്ഷേമ പെൻഷനുകൾക്ക് ആവശ്യമായ തുക എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് നൽകുന്നുണ്ട്. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണ്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകി. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ലെന്നായിരുന്നു നിർമ്മല സീതാരാമൻ്റെ പ്രതികരണം.