മലപ്പുറം: കംബോഡിയ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ് സംഘം. കംബോഡിയയിൽ നിന്ന് മടങ്ങി എത്തിയവരിൽ നിന്ന് ഇന്റലിജൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ട് ഉടൻ കേന്ദ്രത്തിലേക്ക് കൈമാറും. കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളികളെ കടത്തുന്ന സംഭവം റിപ്പോർട്ടർ ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
ഡാറ്റാ എൻട്രി ജോബുകൾക്ക് എന്ന പേരിൽ കംബോഡിയയിലേക്ക് എത്തിക്കുന്ന മലയാളികൾ സൈബർ തട്ടിപ്പ് ജോലികൾ ചെയ്യാനാണ് നിർബന്ധിതരാകുന്നത്. അതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്യും. അനുഭവസ്ഥരുടെ വെളിപ്പെടുത്തലുകൾ സഹിതം റിപ്പോർട്ടർ പുറത്ത് വിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചത്. നിരവധി മലയാളികളാണ് ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുന്നത്. സൈബർ തട്ടിപ്പ് കമ്പനികൾ ഇവരെ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. വയനാട് സ്വദേശി മർദ്ദനത്തിന് ഇരയായി കംബോഡിയയിൽ കൊല്ലപെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു.
യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്കയച്ച ഏജന്റുമാർക്കെതിരെ കൃത്യമായി അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം എസ് പി വ്യക്തമാക്കിയിരുന്നു. കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളി യുവാക്കളെ എത്തിച്ചു നൽകിയ കമ്പനിക്കെതിരെ കൂടുതൽ പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഏജന്റ് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നുമടക്കമുള്ള പരാതിയുമായാണ് യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ജോലിക്കായി ലക്ഷക്കണക്കിന് രൂപ ഏജന്റുമാർ പല രീതിയിൽ വാങ്ങിയെന്നും പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ റിപ്പോർട്ടർ ടിവിയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാലക്കാട് മലമ്പുഴ സ്വദേശിയായ യുവാവാണ് കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഡാറ്റാ എൻട്രി ജോലിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്പോഡിയയിലേക്ക് എത്തിച്ചത്, എന്നാൽ മാട്രിമോണിയൽ സൈറ്റുകളിലൂടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ഇന്ത്യൻ യുവാക്കളിൽ നിന്ന് തട്ടിപ്പിലൂടെ പണം കവരുന്നതായിരുന്നു ജോലി. തട്ടിപ്പിന് കൂട്ടുനിൽക്കാൻ യുവാക്കൾ വിസമ്മതിച്ചപ്പോൾ കമ്പനിയിൽ ഉണ്ടായിരുന്നവർ മാരകമായി മർദ്ദിച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ച് കമ്പനിയിൽനിന്ന് പുറത്താക്കിയെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവാക്കൾ പരാതിപ്പെട്ടിരുന്നു. പാസ്പോർട്ട് വിട്ടുനൽകാൻ ഇന്ത്യയിൽ നിന്ന് 74,000 രൂപ നൽകിയാണ് യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.