ഇടുക്കി: കമ്പം ടൗണിൽ ഭീതിവിതച്ച് അരിക്കൊമ്പൻ. രാവിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി. വാഹനങ്ങളും തകർത്തു. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം തുടങ്ങി. കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും. ടോപ് സ്റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം തുടരുന്നു. അരിക്കൊമ്പനെ കാട് കയറ്റാൻ പൊള്ളാച്ചിയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കും.
ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട കാട്ടാന അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് ണക്കിനാളുകൾ താമസിക്കുന്ന കമ്പം മേഖലയിലെത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് ശേഷം തമിഴ്നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയിരുന്നെങ്കിലും അരിക്കൊമ്പൻ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ, ഇത്തവണ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കിയാണ് കൊമ്പന്‍റെ വിളയാട്ടം. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. കൊമ്പന്‍റെ പരാക്രമത്തെ തുടര്‍ന്ന് കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. അത് ഫലിച്ചില്ലെങ്കില്‍ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനാണ് തമിഴ്നാടിന്‍റെ നീക്കം.