ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക്. ബെംഗളുരുവിലെ യെലഹങ്ക എയർ ബേസില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ അതിവേഗം പ്രതിരോധരംഗത്ത് വളർച്ച കൈവരിക്കുന്നുണ്ട്. റെക്കോര്‍ഡ് എണ്ണം വിദേശ, തദ്ദേശീയ പവലിയനുകൾ ഉള്ള എയ്റോ ഇന്ത്യ ഷോ രാജ്യത്തെ ടെക് തലസ്ഥാനത്താണ് നടക്കുന്നത്. ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എയ്റോ ഇന്ത്യ രാജ്യം മാറിയതിനെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ന് 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണ്. 2024-25 ഓടെ പ്രതിരോധ രംഗത്ത് 5 ബില്യൺ ഡോളർ വ്യാപാരത്തിലേക്ക് എത്തുക എന്നതാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം പ്രതിരോധ രംഗത്ത് ശാക്തികരണത്തിന്‍റെ പാതയിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു. കർണാടകത്തിന്‍റെ വ്യവസായ വികസനത്തിന്റെ അടിത്തറ പാകുകയാണ് തുംക്കുരുവിലെ HAL ഫാക്ടറിയും എയ്റോ ഇന്ത്യ ഷോയും. പ്രതിരോധ നിർമാണ രംഗത്ത് കർണാടകയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 809 പവലിയനുകളാണുള്ളത്. ഇതിൽ 110 വിദേശ പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. പോർവിമാനങ്ങളും തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും എയ്റോ ഷോയിൽ അണിനിരക്കുന്നുണ്ട്. സൂര്യകിരൺ, വരുണ, ത്രിശൂൽ എന്നിങ്ങനെ വ്യോമസേനയുടെ അഭിമാനമായ വിമാനങ്ങളും ധ്രുവ്, രുദ്ര, പ്രചണ്ഡ എന്നിങ്ങനെയുള്ള ഹെലികോപ്റ്ററുകളും ഷോയുടെ മുഖ്യ ആകർഷണമാണ്. ചരിത്രത്തിലിത് വരെയുള്ള ഏറ്റവും വലിയ പ്രതിനിധി സംഘവുമായി എത്തുന്ന അമേരിക്കൻ പ്രതിനിധികൾ ഇന്ത്യയുമായി സഹകരിക്കുന്നതിൽ അഭിമാനം മാത്രമെന്നാണ് പ്രതികരിക്കുന്നത്.