ദില്ലി : പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദം വച്ച് പൊറുപ്പിക്കില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് അവസാനിപ്പിക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ല. അതിന് വേണ്ടി പണം നൽകുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി യോഗത്തിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
തീവ്രവാദത്തിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്നാവര്‍ത്തിക്കുകയാണ് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിലും ഇന്ത്യ. രാജ്യം കൊവിഡിന്‍റെ വലിയ ഭീഷണി നേരിട്ടപ്പോള്‍ പോലും തീവ്രവാദ ഭീഷണി തുടര്‍ന്നു. തീവ്രവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം. തീവ്രവാദ ഫണ്ടിംഗിന്‍റെ വഴികള്‍ കണ്ടെത്തി അടക്കണം. ഷാങ്ഹായ് സഹകരണ സംഘടനകളുടെ ഉത്തരവാദിത്തം അതാണെന്നും പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തില്‍ ജയശങ്കര്‍ വ്യക്തമാക്കി.
അതേ സമയം ഇന്ത്യ- പാക് ഉഭയകക്ഷി ചര്‍ച്ച നടക്കാനുള്ള സാധ്യത വിരളമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നല്ല ബന്ധത്തില്ലല്ലാത്തതിനാല്‍ ചര്‍ച്ച നടക്കാനിടയിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നൽകുന്ന സൂചന. ഗോവക്ക് പുറപ്പെടും മുന്‍പ് എസ്സിഒ അംഗങ്ങളുമായി ചര്‍ച്ചക്ക് പാകിസ്ഥാന്‍ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനൊപ്പം റഷ്യന്‍, ചൈനീസ് വിദേശകാര്യമന്ത്രിമാരും ഗോവയിൽ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെയും, ചൈനയുടെയും വിദേശകാര്യമന്ത്രിമാരുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ജുലൈയില്‍ ദില്ലിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണം ഉച്ചകോടിക്ക് മുന്നോടിയായാണ് ഗോവയിലെ രണ്ട് ദിവസത്തെ യോഗം.